അഞ്ചല്‍ : കാട്ടുപന്നികള്‍ വിഹരിക്കുമ്പോഴും നടപടി എടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രമിക്കുന്നില്ല എന്ന പരാതിക്ക് പരിഹാരവുമായി അലയമണ്‍ പഞ്ചായത്ത്. കാട്ടുപന്നികള്‍ നാട്ടിലിറങ്ങിയാല്‍ വെടിവച്ചുകൊല്ലാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാര്ക്കുണ്ട്.
എന്നാല്‍ അലയമണ്‍ പഞ്ചായത്തില്‍ നാളിതുവരെ ലൈസൻസുള്ള ഒരു ഷൂട്ടറെ പോലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട മീന്‍കുളം സനാതന ലൈബ്രററി, റസിഡന്റ്സ് അസോസിയേഷന് എന്നിവ സംയുക്തമായി വനം വകുപ്പിനും പഞ്ചായത്ത് അധികൃതര്‍ക്കും പരാതിയും നിവേദനവും നല്കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിച്ചത്. നാട്ടിലിറങ്ങി അക്രമം കാട്ടുന്ന പന്നികളെ നിയമത്തിന്നു വിധേയമായി വെടിവച്ചു കൊല്ലാന്‍ തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ള ആറുപേരുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ടെന്നും ജനങ്ങള്‍ അറിയിക്കുന്ന മുറയ്ക്ക് പന്നികളെ കൊല്ലുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.ജയശ്രീ, വൈസ് പ്രസിഡന്റ് ജി. പ്രമോദ് എന്നിവര്‍ അറിയിച്ചു.
പഞ്ചായത്ത് നടപടിയില്‍ സന്തോഷവും നന്ദിയും അറിയിക്കുന്നതായി മീന്‍കുളം സനാതന ലൈബ്രററി, റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. ഒരാഴ്ച മുമ്പും കൂട്ടമായി ഇറങ്ങിയ പന്നികള്‍ ചണ്ണപ്പേട്ടയില്‍ നിരവധി ഇടങ്ങളിലെ ഏക്കര്‍ കണക്കിനു കൃഷി വിളകള്‍ നശിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തമായത് .